Sunday, 22 September 2013

തിരുക്കാസയുടെ അരമനരഹസ്യം- ഭാഗം 1

സര്‍ ലീ ടീബിംഗ് എന്ന ബ്രിട്ടീഷ് പ്രഭുവിന്റെ. സ്വീകരണ മുറിയില്‍ സോഫിയും റോബര്‍ട്ട്  ലാങ്ടനും ഉപവിഷ്ടരായി. ഈ രാത്രിയില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തു വന്ന് പ്രഭുവിനെ ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിയ്ക്കുമെന്നും കൊട്ടാര സദൃശ്യമായ ഈ ബംഗ്ലാവില്‍,ഇങ്ങനെ ഇരിയ്ക്കുമെന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. എത്ര ആകസ്മികമായാണ് ജീവിതത്തില്‍ ഓരോന്നും സംഭവിയ്ക്കുന്നത്.

'അദ്ദേഹം ഉടന്‍ വരും...ഉറക്കച്ചടവ് മാറ്റാന്‍ മുഖം കഴുകി തയ്യാറാകുന്ന താമസം..'

ചായകൊണ്ടുവന്ന പരിചാരകന്‍ ഇത്രയും പറഞ്ഞിട്ട് പോയി.

'സ്വന്തം വീടുപോലെ കരുതുക. എന്താവശ്യമുണ്ടെങ്കിലും പറയാന്‍ മടിയ്ക്കരുത്.'

പ്രഭു ഈ പാതിരാത്രി ഉറക്കമുപെക്ഷിയ്ക്കണമെങ്കില്‍ സന്ദര്‍ശകര്‍ അത്ര നിസ്സാരക്കാരായിരിയ്ക്കില്ല എന്ന് ഭൃത്യന് ഉറപ്പുണ്ടായിരുന്നു.

അല്‍പം കഴിഞ്ഞപ്പോള്‍ ഏതാണ്ട് 65 വയസ്സ് പ്രായം തോന്നിയ്ക്കുന്ന കൃശഗാത്രനായ ഒരാള്‍ മെല്ലെ മെല്ലെ സ്‌റ്റെയര്‍കേസ് ഇറങ്ങി താഴേയ്ക്ക് വന്നു.

സര്‍ ലീ ടീബിംഗ്. ജ്ഞാനിയായ കോടീശ്വരന്‍. പാരീസില്‍ നിന്ന് 25 മിനിറ്റ് വടക്ക് പടിഞ്ഞാറേക്ക്  യാത്ര ചെയ്താല്‍ കാണുന്ന 185 ഏക്കര്‍ തോട്ടവും അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയന്‍ മോഡല്‍ കൊട്ടാരവും ടീബിംഗ് പ്രഭുവിന്റെ സ്വന്തം. വെറുമൊരു കോടീശ്വരന്‍ മാത്രമായിരുന്നില്ല ടീബിംഗ്. വിശുദ്ധ ബൈബിള്‍ ചരിത്രത്തെക്കുറിച്ചും തിരുക്കാസയെക്കുറിച്ചും ഇത്രയധികം അറിവുള്ള വേറൊരാള്‍ ഉണ്ടായിരുന്നില്ല. ജീവിതം മുഴുവന്‍ തിരുക്കാസയുടെ രഹസ്യം തേടിയുള്ള യാത്രയായിരുന്നു പ്രഭുവിന്റേത്. ജീവിച്ചിരിയ്ക്കുന്ന ഒരു ബൈബിള്‍ സര്‍വ്വകലാശാല. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്, സോഫിയുടെ സംശയങ്ങള്‍ക്ക്  മറുപടി പറയാന്‍ ലാംഗ്ടന്‍ ഇവിടം തെരഞ്ഞെടുത്തത്.

പ്രഭു താഴേക്കിറങ്ങി വന്നത് പതിയെപ്പതിയ ആണ്. പോളിയോ ബാധിച്ച് ശോഷിച്ചുപോയ അദ്ദേഹത്തിന്റെ കാലുകളില്‍ കൃത്രിമമായി കമ്പിക്കാലുകള്‍ വച്ചുകെട്ടി ദൃഡപ്പെടുത്തിയിരുന്നെങ്കിലും ഊന്നുവടികളുടെ സഹായം കൂടാതെ നടക്കാന്‍ പറ്റുമായിരുന്നില്ല. സ്വതവേ സരസനായ പ്രഭു ഇപ്പോള്‍ ഉത്സാഹവാനായും കാണപ്പെട്ടു.

അവര്‍ പരസ്പരം സംബോധന ചെയ്തു. ലാങ്ടന്‍ സോഫിയെ പരിചയപ്പെടുത്തിക്കൊടുത്തു. നര്‍മ്മത്തില്‍ പൊതിഞ്ഞ കുശലപ്രശ്‌നങ്ങളും ഉപചാര വര്‍ത്തമാനങ്ങളും കഴിഞ്ഞ് അവര്‍ വിഷയത്തിലേക്ക് കടന്നു.

'തിരുക്കാസ, The Holy Grail..!!!'

പ്രഭു, വിശാലമായ സ്വീകരണ മുറിയിലെ ഫയര്‍ പ്ലേസിനഭിമുഖമായി വെല്‍വെറ്റ് സോഫയില്‍ അമര്‍ന്നിരുന്നു.

'പ്രിയ സുഹൃത്ത് ലാങ്ടന്‍, താങ്കള്‍ ഈ രാത്രിയില്‍ ഒരു മുന്നറിയിപ്പും കൂടാതെ ഇവിടെ വരികയും ഉറക്കത്തില്‍ നിന്ന് എന്നെ വിളിച്ചുണര്‍ത്തുകയും ചെയ്തപ്പോള്‍തന്നെ തോന്നിയിരുന്നു; വളരെ പ്രധാനപ്പെട്ട എന്തോ കാര്യം ചോദിയ്ക്കാനോ പറയാനോ കാണുമെന്ന്. പറയൂ, എന്താണ് ഇപ്പോള്‍ തിരുക്കാസയെപ്പറ്റി ചോദിയ്ക്കാനുണ്ടായ സാഹചര്യം...? '

എവിടെ തുടങ്ങണമെന്ന്, ലാങ്ടന്‍ ഒരുനിമിഷം ശങ്കിച്ചു; പിന്നെ പറഞ്ഞുതുടങ്ങി;

'ഞങ്ങള്‍, 'പ്രയറി ഓഫ് സിയോണ്‍ ' എന്ന രഹസ്യ സംഘടനയെക്കുറിച്ചു സംസാരിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നു.'

' അതുകൊള്ളാമല്ലോ. തിരുക്കാസയെക്കുറിച്ചും അതിനെ പൊതിഞ്ഞു നില്ക്കുന്ന മുഴുവന്‍ രഹസ്യങ്ങളും സംരക്ഷിയ്ക്കുന്ന കൃസ്ത്യന്‍ സഭയെക്കുറിച്ചും തന്നെയാണ് ചോദ്യം.'

'മിസ്ടര്‍ ലാങ്ടന്‍, താങ്കള്‍ ഇക്കാര്യത്തില്‍ ഒരു മാസ്റ്ററാണല്ലോ... ഞാനെന്താണ് കൂടുതലായി പറയേണ്ടത്...?'

ടീബിംഗ് പുരികം ചുളിച്ചു. ലാങ്ടന്‍ വീണ്ടുമൊന്നു പകച്ചു. സര്‍ ലീ ടീബിംഗ് എന്ന ജീവിച്ചിരിക്കുന്ന ബൈബിള്‍ യൂണിവേഴ്‌സിറ്റിയെ ആദ്യമായി കണ്ടത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് BBC ഓഫീസില്‍ വച്ചായിരുന്നു. ടീബിംഗ് പ്രഭു അന്ന് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷനെ ഞെട്ടിച്ചത് സ്‌ഫോടനാല്‍മകമായ ഒരു വെളിപ്പെടുത്തലിന്റെ സാദ്ധ്യതകള്‍ ആരാഞ്ഞുകൊണ്ടാണ്. തിരുക്കാസയെക്കുറിച്ച്, ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്തതും പറയാന്‍ സാധ്യതയില്ലാത്തതുമായ ചില വെളിപ്പെടുത്തലുകളായിരുന്നു അവ. BBCയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്  ഈ ഡോക്യുമെന്ററിയുടെ വിപണന സാദ്ധ്യതകളിലും റ്റീബിംഗ് പ്രഭുവിന് ഈ വിഷയത്തിലുള്ള അഗാധമായ പാണ്ഡിത്യത്തിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അവരുടെ പ്രേക്ഷകരിലധികവും യാഥാസ്ഥിതികരായ ക്രിസ്ത്യാനികള്‍ ആയിരുന്നതും വത്തിക്കാന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഈ ആശയം ഉപ്പുചേര്‍ക്കാതെ വിഴുങ്ങാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. ഈ പ്രശ്‌നത്തിനു പരിഹാരമായി അവര്‍ കണ്ടെത്തിയത് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത വിഖ്യാതരായ മൂന്നു ചരിത്രകാരന്മാരെ റ്റീബിംഗ് പ്രഭുവിനോടൊപ്പം ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. ആ മൂന്നുപേരില്‍ ഒരാള്‍ അടയാള ശാസ്ത്ര വിദഗ്ധനായ റോബര്‍ട്ട്  ലാംഗ്ടനായിരുന്നു.

ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് നടന്നത് റ്റീബിംഗ് പ്രഭുവിന്റെ പാരീസ് എസ്‌റ്റേറ്റിലാണ്. അന്ന്, ക്യാമറയുടെ മുമ്പിലിരുന്ന അതേ സ്വീകരണ മുറിയില്‍, അതേ സോഫയിലാണ്, ഇപ്പോള്‍ ലാങ്ങ്ടനും സോഫിയും ഇരിയ്ക്കുന്നത്. ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ ടീബിംഗ് പ്രഭു തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. വിശുദ്ധപാനപാത്രത്തെക്കുറിച്ച് അതുവരെ കേട്ട കഥകള്‍, വെറും കെട്ടുകഥകള്‍ മാത്രമായിരുന്നെന്ന് ഒട്ടനവധി ചരിത്രപുസ്തകങ്ങളുടെയും സ്വന്തം ഗവേഷണ ഫലങ്ങളുടെയും പിന്‍ബലത്തോടെ, ടീബിംഗ് പറഞ്ഞുവച്ചു. ലാംഗ്ടനാകട്ടെ അടയാള ശാസ്ത്രത്തിന്റെ സങ്കേതങ്ങളും തന്റെ ഗവേഷണ നിഗമനങ്ങളും ചേര്‍ത്ത്  ഈ സിദ്ധാന്തത്തെ പിന്തുണച്ചു. ആദ്യകാലത്ത്, മറ്റെല്ലാവരേയും പോലെ കെട്ടിച്ചമച്ച ബൈബിള്‍ സിദ്ധാന്തങ്ങളിലാണ് താനും വിശ്വസിച്ചിരുന്നതെന്നും പിന്നീട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ്, തിരുക്കാസയുടെ വാസ്തവമെന്തെന്നു തിരിച്ചറിഞ്ഞതെന്നും റോബര്‍ട്ട്  പറഞ്ഞു.
സ്വീകരണമുറിയില്‍ ഇപ്പോള്‍ നെരിപ്പോട് കത്തുന്നുണ്ട്. ഇളം ചൂടും മുന്തിയ ഇനം പുകയിലയുടെയും തേയിലയുടെയും ചൂരും നല്ല ഉന്മേഷമുള്ള അന്തരീക്ഷം സൃഷ്ടിച്ചു. ടീബിംഗ് പ്രഭുവിന്റെ  ചോദ്യത്തിനു ലാംഗ്ടന്‍ മറുപടി പറഞ്ഞു.

'സര്‍, മിസ്സ് സോഫിക്ക് വേണ്ടിയാണ്. ഒരു പക്ഷെ നമ്മള്‍ രണ്ടുപേരും ചേര്‍ന്നാല്‍ ഇവളുടെ സംശയങ്ങള്‍ ദുരീകരിയ്ക്കുവാന്‍ പറ്റിയേക്കും.'

'ശരി റോബര്‍ട്ട്, ഞാന്‍ തുടങ്ങിവയ്ക്കാം. AD 1099ല്‍ യൂറോപ്പില്‍ സ്ഥാപിതമായ ഒരു രഹസ്യസ്വഭാവമുള്ള ക്രിസ്തീയ സഭയാണ് 'പ്രയറി ഓഫ് സിയോണ്‍'. 1975 കാലഘട്ടത്തിലാണ് സര്‍ ഐസക്ക് ന്യൂട്ടനെയും ബോട്ടിസെല്ലിയെയും വിക്ടര്‍ യൂഗോയെയും വിശിഷ്യാ ലിയാനാര്‍ഡോ ഡാവിഞ്ചിയെയും പോലുള്ള മഹാരഥന്മാര്‍ ഈ സംഘടനയിലെ അംഗങ്ങളായിരുന്നു എന്ന് ലോകം അറിഞ്ഞത്. ഇത്രയും കാര്യങ്ങള്‍ സോഫിയക്ക് അറിയില്ലേ..?'

'അറിയാം, കുറെയൊക്കെ റോബര്‍ട്ട്  പറഞ്ഞുള്ള അറിവാണ്. പക്ഷെ, എന്താണ് തിരുക്കാസയെ ചൂഴ്ന്നു നില്ക്കുന്ന രഹസ്യം...?'

റ്റീബിംഗ് പ്രഭുവിന് ഈ ചോദ്യം ഇഷ്ടമായി. പാവം കുട്ടി, ഇവള്‍ തിരുക്കാസാജ്ഞാനത്തില്‍ ഒരു കന്ന്യകയാണ്. ഒരുകവിള്‍ ചായ മോന്തി സോഫയില്‍ ഒന്നിളകിയിരുന്നിട്ട് അദ്ദേഹം  സോഫിയെ നോക്കി പറഞ്ഞുതുടങ്ങി.

(തുടരും...)

1 comment:

  1. ഈ തിരുകാസ എന്നത് ക്രിസ്തു മതത്തില് യഥാര്ത്ഥത്തില് ഉണ്ടോ...അങ്ങനെയെങ്കില് ക്രിസ്തുമതം അതിനെ ശക്തിയുക്തം എതിര്ക്കേണ്ടതല്ലേ...

    ReplyDelete